യാത്ര -2

‘ഇനി പത്തു ദിവസം കൂടി , കഴിഞ്ഞാല് പിന്നെ ആ പടിയിറങ്ങാം..’ രാത്രി വാസുദേവന് മാഷ് അത് പറഞ്ഞ് നെടുവീര്പ്പിട്ടു..
ദേവകിയമ്മ ഒന്നും മിണ്ടിയില്ല..
‘അവന് കിടന്നു വോ..?’ മാഷ് പിന്നേയും ചോദിക്കുന്നതു കേട്ട് അവരൊന്നു മൂളി..
‘പിരിഞ്ഞു വരുമ്പോള് കിട്ടുന്ന പൈസ  ഇത്തിരി കടങ്ങളുള്ളത് തീര്ക്കണം…പിന്നെ ഈ വീടൊന്ന് നേരാക്കണം..എന്ന തലയില് വീഴാന്നറൈയില്ലല്ലോ..?’
‘ഇത്തിരി പൊന്നെന്തെങ്കിലും …? രണ്ടു പെങ്കുട്ട്യോളല്ലെ നമുക്ക്..?’ മാഷ് സ്വയമെന്നോണം പറഞ്ഞതിനു അവര് മറുപടിയായി  ചോദിച്ചു..
‘ആഗ്രഹം ഇല്ലാഞ്ഞിട്ണോ..മാസം തോറും കിട്ടിയിരുന്നതോണ്ട് .എന്താ നടന്നിരുന്നത്…നിനക്ക് ദെണ്ണത്തിരി കൂട്യാ തന്നെ കടം വാങ്ങണ്ടെ…? മൂന്നാളടെ പഠിപ്പ്, ചെലവ്..എല്ലാം നിനക്കറിയണതല്ലെ..?
പതുക്കെയാണെങ്കിലും അപ്പുറത്തെ മുറിയില് നിന്നും വന്ന്   അവരുടെ ശബ്ദം വേണുവിന്റെ ഉറക്കം കളഞ്ഞു..
കട്ടിലില് പതിയെ എഴുന്നേറ്റിരുന്നു..
‘താന്  അവനോട് പറയണം..ഇനി എനിക്ക് പഠിപ്പിക്കാനാവില്ലാന്ന്..സങ്കടാവുംന്ന് അറിയാം ന്നാലും വേറെ വഴിയില്ല..’ അച്ഛന്റെ ശബ്ദം ഇടറുന്നത് വ്യക്തമായും കേള്ക്കാം..
‘പിന്നെന്താ , ചെയ്യാ ,ന്റെ കുട്ടി..പത്താം ക്ലാസ്സ് കഴിഞ്ഞ്, ടൈപ്പ് പഠിചൂന്ന് വെച്ച്…’അമ്മയുടെ ശബ്ദത്തില് ആധി..
‘ഞാന് രവിക്കുട്ടനെ കണ്ടിരുന്നു..കഴിഞ്ഞാഴ്ച ട്രഷറി പോയപ്പോ…’
‘ആരു..തിരുമംഗലത്തേയോ..?’
‘ആ..അയാള് ടൗണില് വലിയ ആളല്ലേ..ഒരു പാട് ഏര്പ്പാടുകളുണ്ടത്രെ…കഴിഞ്ഞ പൂരത്തിനു വന്നപ്പോള് പറഞ്ഞിരുന്നു, എന്താവശ്യമുണ്ടെങ്കിലും പറയണംന്ന്..ഒരു പാട് പേരെ പഠിപ്പിച്ചിട്ടുണ്ട് , വലുതായപ്പഴും മറക്കാത്തവരില് ഒരാളയാളാ..കൂട്ടത്തില് ഏറ്റവും മിടുക്കനും…’
‘എന്നിട്ട്..’ അമ്മയ്ക്ക് ആകാംക്ഷ..
‘അവനെ കൂട്ടി വീട്ടില് ചെല്ലാന് പറഞ്ഞു, ഒരു ദിവസം,ജോലി ശരിയാക്കാന്ന്..’
‘അപ്പോ..കുട്ടി ഇവിടുന്ന് പൂവാ..?’ അമ്മ കരയുമെന്ന് തോന്നി
‘ആ താഴെയുള്ള രണ്ടും വലുതായി വരാ..ഓരോരുത്തരുടെ കയ്യില് പിടിച്ചു കൊടുക്കേണ്ടെ..പിന്നെ അയാളുടെ ഭാവിയും …കുടുംബം നോക്കിയിട്ട് എനിക്ക് കിട്ടിയത്, കടങ്ങളും, എപ്പോ വീഴുമെന്നറിയാത്ത ഈ വീടും.അല്ലേ, സാരംല്യ,,അയാള്ക്ക് ഒരു ജോലി കിട്ടിയാല് എല്ലാറ്റിനും ഒരു കാര്യാവും..’
പിന്നെ അമ്മയുടെ ശബ്ദം കേട്ടില്ല…അതു കൊണ്ടാവും അച്ഛന്റേയും..
എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കിയപ്പോള് നല്ല നിലാവുണ്ട്….വാതില് ശബ്ദമില്ലാതെ തുറന്ന് പുറത്തിറങ്ങി
പടിക്കല് ചെന്നിരുന്നപ്പോള് അറിയാതെ ഒന്നു തേങ്ങിപ്പോയി…അരുത് , കരയാന് പാടില്ല.താനൊരാണ് കുട്ടിയാണു..അച്ഛ്നേയും അമ്മയേയും നോക്കണം..അനിയത്തിമാരെ കല്യാണം കഴിച്ചയക്കണം…എവിടെയായാലും സാരംല്യ..പോകാം..കണ്ണു തുടച്ചു..
കാറ്റില് അറിയാത്ത ഏതോ ഒരു പൂവിന്റെ ഗന്ധം തുളച്ചു കയറിയപ്പോള് നെഞ്ചൊന്നു പിടച്ചു..
ലക്ഷ്മി..
അവളൊടെന്താ പറയാ..
രമയോട് പറഞ്ഞയച്ചില്ല, അനിയത്തിയാണെങ്കിലും അവളറിയാത്തതായി ഒന്നും ഇല്ല , ആ ബന്ധത്തില്,അവളുടെ ഒപ്പമായിരുന്നു സ്കൂളില് പോകുന്നത്..ഇത് അവസാന വര്ഷം, രണ്ടാള്ക്കും..
അമ്പലത്തിലെ വാരസ്യാര്ക്ക് മാല കെട്ടാന് സഹായിക്കുമ്പോഴാണു ഉമ വന്നത്, വാരസ്യാരുടെ മകളാ..
‘ഒന്നു കാണണം ന്ന് പറ..’അവള് തലകുലുക്കി..
ഇല്ല പറമ്പിലെ മൂലയില് ആകാശം മുട്ടി നില്ക്കുന്ന ഒരു നെല്ലി മരം..അതിന്റെ ചോട്ടില് എപ്പോഴും കുട്ടികള് വന്നു പോകും..ആ വഴി പോയാല് ആരും ശ്രദ്ധിക്കില്ല.. കുറച്ചപ്പുറത്ത് സര്പ്പക്കാവ്..
കാത്ത് അധിക നേരം നില്ക്കേണടി വന്നില്ല..
‘ന്റെ ശിവനെ ഇനി എനിക്ക് ചത്താലും വേണ്ടില്ല, ..ഞാന് പറയാതെ ഒരു തവണ ന്നെ കാണാന് വന്നൂലോ.’
അവള് അടുത്തു വന്നിരുന്നു..
ഒന്നും മിണ്ടാന് തോന്നിയില്ല..
‘ദാ..ഞാന് അമ്മ കാണാതെ കൊണ്ടു വന്നതാ..’കയ്യിലുള്ള വാഴയില പ്പൊതിയില് ഉണ്ണിയപ്പം..
‘എനിക്ക് വേണ്ടാ..’
‘ദുഷ്ടനാ..ഒട്ടും സ്നേഹല്ല്യാ എന്നോട്..എത്ര കഷ്ടപ്പെട്ടാ..ഞാനിത് കൊണ്ട് വന്നെന്ന് അറിയോ..’ കണ്ണു കലങ്ങി..
വേഗം ഒരെണ്ണം വാങ്ങി പകുതി കടിച്ചു..
‘നിനക്കെന്താ..പ്രാന്താണോ..? എന്താ എന്നോട്..?’ചോദിക്കാതിരിക്കാന് കഴിഞ്ഞില്ല..
”അതെ നിക്ക് പ്രാന്താ..അറിയില്ല..എന്താന്ന്..എന്റെയാവണം ന്ന് ഒരു കൊതി..രമ പറയുമ്പോള്, പിന്നെ ഉമ പറയുമ്പോളൊക്കെ..മുത്തശ്ശിയോടെപ്പഴും കഥ പറയിക്കും ഞാന്..ക്യഷ്ണന്റേയും രാധയുടെയും..അപ്പൊ ഗോപേട്ടന് ക്യഷ്ണനാണെന്ന് തോന്നും,ഞാന് രാധയും..അവസാനം സങ്കടാവും..എന്നെ ഉപേക്ഷിച്ച് പോകില്ലെ..?
‘അവസാനല്ല..പോവാണു..ഇപ്പൊ ത്തന്നെ..’
ഉണ്ണിയപ്പത്തിന്റെ പകുതി കയ്യില് തന്നെ പിടിച്ചു..എന്തോ ഇറങ്ങുന്നില്ല..
അവളതു വാങ്ങി വായിലിട്ടു..
‘എവിടെയ്ക്ക്..?’
ഒട്ടും സങ്കടം ഭാവിക്കാതെ കാര്യം പറഞ്ഞു..
‘എപ്പഴാ അപ്പൊ വരാ..?’
‘വരും..എപ്പൊ ന്നൊന്നും പറയാന് പറ്റില്ല..അറിയില്ലെ വീട്ടിലെ കാര്യങ്ങള്..ഇടയ്ക്കൊക്കെ വരും..ന്നാലും നീ എന്നെ കാത്തിരിക്കരുത്…ഇതൊന്നും നടക്കാത്ത കാര്യാ..മനയ്ക്കലെ കുട്ടിയെ ആഗ്രഹിക്കാന് പോലും പറ്റില്ല..പിന്നെ കൂടിയാല് രണ്ടോ മുന്നോ കൊല്ലം..തന്റെ കല്യാണം ണ്ടാവും..ഒന്നും ചെയ്യാന് പറ്റില്ലെനിക്ക്..’
അവള് തലകുനിച്ചിരുന്നു കരഞ്ഞു..
‘കൂടിയാല് ഒരാഴ്ച , അച്ഛന്റെ കൂടെ ഞാന് പോകും..നിക്കിഷ്ടാ നിന്നെ , സത്യായിട്ടും..മതി ഇനി ആരെങ്കിലും അന്വെഷിച്ചു വരാന് നില്ക്കണ്ടാ പൊയ്ക്കൊ..’
താടി പിടിച്ചുയര്ത്തി മുഖത്തേയ്ക്ക് നോക്കി  നടക്കാനൊരുങ്ങിയപ്പോള് കയ്യില് പ്പിടിച്ചു..
‘ന്നെ സ്നേഹിക്കുന്നത് സത്യാണെങ്കില്…ഞാന് കാത്തിരിക്കും…ന്റെ സ്നേഹം സത്യാണെകില് എവിടെ പോയാലും ന്റെ അടുത്തു വരും..ഗോപേട്ടനെ അല്ലാതെ ഞാന് വേറൊരാളെ കല്യാണം കഴിക്കില്ല..എന്റെ നാഗ ദൈവങ്ങളാണു സത്യം..’ അവള് പെട്ടെന്ന് കെട്ടിപ്പിടിച്ചു, തല നീട്ടി കവിളില് ഒരുമ്മ തന്നു..പിന്നെ തിരിഞ്ഞു നോക്കാതെ ഓടിപ്പോയി..
അമ്മ പറയാന് വിഷമിക്കുന്നതു കണ്ടപ്പോഴെ അങ്ങോട്ട് പറഞ്ഞു..
‘എന്നാ ന്ന് പറയാന് പറയൂ, അച്ഛനോട്..’
പടികടക്കുമ്പോള് തിരിഞ്ഞു നോക്കിയില്ല..മന:പ്പൂര് വ്വം..
അമ്മയും രമയും ശാന്തയും കരയുന്നുണ്ട്…
ബസ്സു കയറാന് നടക്കുമ്പോഴും ഒരേ സീറ്റിലിരുന്നിട്ടും അച്ഛന് ഒന്നും മിണ്ടിയില്ല..സങ്കടം ണ്ട് ഉള്ളില്..
വലിയ ആ ഗേറ്റ് കണ്ട്പ്പോഴെ അമ്പരന്നു..ഗേറ്റില് കാവല് നില്ക്കുന്ന ആള് വിവരം ചോദിച്ച് അകത്തു പോയി വന്നാണു തുറന്നത്..
വലിയ വീട്..പൂന്തോട്ടം…കൂട്ടില് കിടക്കുന്ന നായകള് കുരച്ചു…അവയുടെ വലിപ്പം കണ്ട്പ്പോ പേടി തോന്നി..
വാതില് തുറന്ന ആള് അകത്തേയ്ക്ക് വിളിച്ചു..
‘കുടിക്കാന്..’ മുഖത്തുള്ള സൗമ്യത വാക്കിലും..
‘ഒന്നും വേണ്ടാ..’അച്ഛന് പതുക്കെ പറഞ്ഞു..
അതു കേള്ക്കാത്ത മട്ടില് അകത്തു പോയി..തിരിച്ചു വന്ന് എതിര് വശത്തിരുന്നു..
‘ഇയാളാണു ആളല്ലെ..? ഇവിടെ നില്ക്കട്ടെ..ജോലിയൊക്കെ ശരിയാക്കാം..’
ഒന്നു ചിരിച്ചെന്ന് വരുത്തി..
‘അച്ഛനോട് ഞാന് പറഞ്ഞിരുന്നു..പഠിക്കാനെന്തു വേണേങ്കിലും ചെയ്യാന്ന്…മാഷ്ക്ക് ഇപ്പൊ ആവശ്യം തന്റെ ഒരു താങ്ങാണെത്രെ…അതു കൊണ്ടാ..ഞാന് വരാന് പറഞ്ഞെ..’
തലയാട്ടി കേട്ടു..
ഒരാള് ചായ കൊണ്ട് വന്നു തന്നു , കുടിച്ചു തീര്ന്നപ്പോള് അച്ഛന്െഴുന്നേറ്റു..
‘ന്നാ ഞാനങ്ങട്..’
‘ആയിക്കോട്ടെ..ദൂരമില്ലെ.ഒരു പാട്..’
പോക്കറ്റില് നിന്ന് പൈസയെടുത്തു കൊടുത്തപ്പോള് മാഷ് വാങ്ങിയില്ല..
‘ഇത് കുട്ടികള്ക്ക്, പിന്നെ ദേവിയേട്ത്തിയ്ക്ക് ..ഇവിടെ വന്നതല്ലെ..പുതിയതെങ്കിലും വാങ്ങി കൊടുക്കു..ഞാന് തന്നതാണെന്ന് പറയണം..’
നിര്ബന്ധിച്ചു പോക്കറ്റിലിട്ടു..ഗേറ്റ് കടക്കുമ്പോള് ചോദിച്ചു ..’നിനക്ക് അച്ഛനോട് ദേഷ്യംണ്ടോ..?.ഒരു പാകംല്ല്യാത്തതൊണ്ടല്ലെ..?’അച്ഛന് കരഞ്ഞു പോകുംന്ന് തോന്നി..
‘ഏയ് ..ഇല്ല..’ പറയുമ്പോള് തൊണ്ടയിടറാതിര്ക്കാന് ശ്രമിച്ചു..
നടന്ന് ദൂരെയെത്തിയപ്പോള് വാസുദേവന് മാഷ് തിരിഞ്ഞു നോക്കി..മകന് അപ്പോഴും അവിടെ തന്നെ നില്ക്കുന്നുണ്ട്..തലതാഴ്ത്തി മുന്നോട്ട് നടന്നു..

ഒരു പാട് തവണ കരഞ്ഞു ചോദിച്ചാലാണു സിനിമയ്ക്ക് വിടുക.., അതും അധികമഒന്നും പോയിട്ടില്ല.. തിയ്യറ്റര് ദൂരെയാണു..കൂട്ടുകാര് സൈക്കിളില് പോകും , താനും അതിന്റെ കൂടെ , അവിടെ എത്തുമ്പോഴേയ്ക്കും ഒരു ഷോ തുടങ്ങിയിട്ടുണ്ടാകും, രണ്ടാമത്തേതാണു കാണാന് കഴിയുക, തിരിച്ചു വരുമ്പോള് ഒരു പാട് വൈകും..
എന്നാലും അച്ഛന് ഉറങ്ങിയിട്ടുണ്ടാവില്ല…കിലപ്പോള് ഉമ്മറത്തു തന്നെ യിരിക്കുന്നുണ്ടാവും..
അച്ഛന് നോക്കിയത് അയാള് ശരിക്കും കണ്ടില്ല..കണ്ണു നിറഞ്ഞ് കാഴ്ച മറഞ്ഞു പോയി
തിരിച്ചു ചെന്നപ്പോള് നേരത്തെ കണ്ട ആള് ഉമ്മറത്തു നില്ക്കുന്നു..ഗേറ്റിലുണ്ടായിരുന്ന ആള് തന്റെ ചെറിയ ബാഗ് എടുത്തിട്ടുണ്ട്..
‘വിഷമം ഒന്നും വിചാരിക്കേണ്ടാ..ഇവിടെ  താമസ്സിക്കുന്നതില്..ജോലിയൊക്കെ ചെയ്ത് ,വീട്ടുകാരെ നോക്കുന്നതില് ഒരു സുഖമുണ്ട്..അല്ലെ ജേക്കബേ..?’
ഗേറ്റില് നിന്ന ആളുടെ പേര് ജേക്കബ് എന്നാണൂ അയാള് തലയാട്ടി..
‘ഇയാളുടെ കൂടെ ഔട്ട് ഹൗസ്സില് താമസ്സിച്ചോളൂ..എന്താവശ്യമുണ്ടായാലും ചോദിക്കാന് മടിക്കേണ്ടാ..ന്നാ പൊയ്ക്കോളൂ..’ ജേക്കബ്ബിന്റെ കൂടെ നടന്നു..
‘എന്താ തന്റെ പേര്..?’
‘വേണൂ ..വേണൂ ഗോപാലന്..’
അയാളോട് മറുപടി പറഞ്ഞു..
‘രവി സാര് ..വലിയ മനുഷ്യനാ..നല്ല മന:സാക്ഷിയുള്ള ആള്. രക്ഷപ്പെടുത്തും ..ഉറപ്പാ..’
ഒന്നും മിണ്ടിയില്ല..
രാത്രി കിടന്നപ്പോള് ദു:സ്സ്വപ്നം കണ്ട് പേടിച്ചു കണ്ണു തുറന്നു പിന്നെ ഉറങ്ങിയില്ല..
അതെ പിന്നെ ഒരിക്കലും ജീവിതത്തില് ശരിക്കും ഉറങ്ങിയിട്ടില്ല..
കയ്യിലിരുന്ന സിഗരറ്റ് കുറ്റി  എരിഞ്ഞു വിരല് പൊള്ളിയപ്പോഴാണു ചിന്തകളില് നിന്നുണര്ന്നത്..
കോഫി തണുത്തു പോയി…അതെടുക്കാന് ശ്രമിച്ചപ്പോള് കൈ വിറയ്ക്കുന്നു…
ഡ്രോ തുറന്നപ്പോള് ഏതോ ഒരു കുപ്പിയില് കുറച്ച് ബാക്കിയുണ്ട്.. വെള്ളം ചേര്ത്തില്ല ഒറ്റവലിയിക്ക് കുടിച്ചു തീര്ത്തു

തുടരും…

യാത്ര- മൂന്ന് -വായിക്കുക

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w